പുനെ: അപ്പാർട്ട്മെന്റിലെ ലിഫ്റ്റിൽ കുടുങ്ങിയ ഏഴുവയസുകാരന് ദാരുണാന്ത്യം. ശിവാൻഷ് ശൈലേജ് ദത്ത് ആണ് മരിച്ചത്. സിൻഹാഗാദ് റോഡിലെ നിംബാജിനഗറിലുള്ള റിദ്ധി സിദ്ധി അപ്പാർട്ട്മെന്റിലെ ലിഫ്റ്റിലാണ് അപകടം നടന്നത്.
രാത്രി 10ഓടെ അപ്പാർട്ട്മെന്റ് പരിസരത്ത് ശിവാൻഷ് കളിക്കുകയായിരുന്നു. ഇതിനിടെ ലിഫ്റ്റിൽ കയറിയ കുട്ടി ബട്ടൺ അമർത്തി. മുകളിലേക്ക് പൊങ്ങിയ ലിഫ്റ്റ് രണ്ടാംനിലയിൽ എത്തും മുൻപേ പകുതിക്ക് നിന്നുപോയി. ഇതോടെ കുട്ടി ലിഫ്റ്റിൽ കുടുങ്ങുകയായിരുന്നു.
ഏറെ നേരമായും കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണം വിഫലമായിരുന്നു. തുടർന്ന് 11.30ഓടെ കുട്ടി ഫ്ലാറ്റിൽ കുടുങ്ങിയതാകാമെന്ന സംശയത്തിൽ പോലീസിനെയും ഫയർ ഫോഴ്സിനെയും വിവരം അറിയിച്ചു.
സംഭവസ്ഥലത്തെത്തിയ പോലീസും ഫയർ ഫോഴ്സും ചേർന്ന് ലിഫ്റ്റ് തുറന്നപ്പോഴേക്കും കുട്ടി ചലനമറ്റ നിലയിലായിരുന്നു. അടച്ചിട്ട സ്ഥലത്ത് ദീർഘനേരം കുടുങ്ങിക്കിടന്നതാകാം കുട്ടിയുടെ മരണകാരണമെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.